കൂട്ടുപ്രതികള്‍: ഭാഗം ഒന്ന് : കൃത്യം

കൂട്ടുപ്രതികള്‍: ഭാഗം ഒന്ന് : കൃത്യം

“ഓള്‍ റൈസ്….”, ഇളയന്തകരയിലെ പ്രത്യേക സെഷന്‍സു കോടതിയിലെ രണ്ടാം നിലയിലെ നൂറ്റി പതിനാറാം നംബര്‍ കോടതി മുറിയില്‍, നരച്ച വെള്ള കോട്ടും അതേ പോലെതന്നെ നരച്ച തൊപ്പിയും വച്ചുള്ള കോടതി ശിപായി, ജഡ്ജി വരുന്നതിനും മുന്‍പായി ഒച്ചകൂട്ടി വിളിച്ചു പറയുന്നതു കേട്ടാണ് രേവതി തന്‍റെ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. അവളുടെ സ്വപ്നത്തില്‍ നിറയെ തന്‍റെ പണിതീരാത്ത വീടും, പിന്നെ എങ്ങോ പോയി മറഞ്ഞ തന്‍റെ മാധവേട്ടനും ആയിരുന്നു.

എട്ടു കൊല്ലം  മുമ്പ് തുടങ്ങിയതായിരുന്നു വീട് പണി. മാധവേട്ടന്‍റെ അച്ഛന്‍റെ കുടുംബ വകയില്‍ കിട്ടിയ പത്തു സെന്‍റ് വിറ്റുകിട്ടിയ പണം വീട്ടില്‍ വലിയ ഗര്‍വ്വോടെ കൊണ്ടുവന്നിട്ട് , “രേവൂ..നമ്മളും കെട്ടും രണ്ടു മുറി വീട്..” എന്നു മാധവേട്ടന്‍ പറഞ്ഞപ്പോള്‍, രേവതിക്കത്ര ഉല്‍സാഹം ഒന്നും തോന്നിയിരുന്നില്ല. ഒരു കുഞ്ഞിക്കാല്‍ കണ്ടിട്ടു മതി വീടൊക്കെ എന്നു മാധവേട്ടനോടു അവള്‍ പറയുകയും ചെയ്തു. എന്തിനും ഏതിനും ഒരു കാലം വരുമെന്ന വിശ്വാസക്കാരനായിരുന്നു മാധവേട്ടന്‍. “ഇപ്പോള്‍ നമ്മുക്ക് വീട് പണിക്കാലം ആണ്” എന്നു കളി പറഞ്ഞു അങ്ങനെ തുടങ്ങിയതാണ് വീട് പണി. ഇപ്പോള്‍ താമസ്സിക്കുന്ന വീടിന്‍റെ മുറ്റതിനപ്പുറം തന്നെ പുതിയ വീടും. പച്ച കളറുകളാല്‍ സുന്ദരമായി കോറിയിട്ട വീടിന്‍റെ പ്ലാന്‍ കാണിച്ചു, മാധവേട്ടന്‍ ഓരോ റൂമും, വീടിന്‍റെ മറ്റു ഭാഗങ്ങളും നുരഞ്ഞു പൊങ്ങുന്ന ആഹ്ലാദസ്വരത്തില്‍ വിവരിക്കുന്നതിനിടെ,  തന്‍റെ കവിളില്‍ ഒന്നു പിച്ചി, പടിഞ്ഞാറു ഭാഗത്തുള്ള ആ മുറി ചതുരചിന്‍ഹം കാണിച്ചു “ഇതു നമ്മുടെ മുറി” എന്നു പറഞ്ഞപ്പോള്‍ ആണു, രേവതി ശരിക്കും ആ വീടിനു അവളുടെ സ്വപ്നത്തിന്‍റെ പങ്ക് കൊടുക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം എടുത്തു തറയും കിണറും ഒന്നു ശരിയാകാന്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധവേട്ടന്‍ പോയപ്പോള്‍ ആ വീട് പണിയെല്ലാം നിന്നു. പിന്നെ എങ്ങനെയോ മാധവേട്ടന്‍റെ അമ്മയും, പ്രഭേട്ടനും കൂടി, ആറേഴു കൊല്ലം കൊണ്ട് കട്ടിള വച്ച്, ചില ജനലുകളും ചേര്‍ത്ത്, പാതി ചുമര്‍ വരെ പണി എത്തിച്ചു.

പണി നിന്നുപോയ പാതി ചുമര്‍ ഉയര്‍ത്തിയ വീടിന്‍റെ പടിഞ്ഞാറുള്ള “നമ്മുടെ മുറി”യുടെ തെക്കേ കോണില്‍ ഉയിര്‍ത്ത് വന്ന മണ്‍പുറ്റിനുള്ളിലാണ് ഒന്നര കൊല്ലം മുന്‍പ്, രേവതി വീണ്ടും മാധവേട്ടനെ കണ്ടത്. തെക്കേ കോണിലെ മണ്‍പുറ്റിനെ വളഞ്ഞു പിടിച്ച ഒന്നൊന്നര മീറ്റര്‍ നീളമുള്ള നല്ല കറുത്ത ചെതുബുകളില്‍ പുതഞ്ഞ ഉരുണ്ട ശരീരത്തില്‍, ഒന്നൊന്നിടവിട്ട് സമദൂരത്തില്‍ ഇളം മഞ്ഞയും കറുപ്പുമുള്ള ചിതബില്‍ വളകള്‍ അണിഞ്ഞ്, സാവധാനം നീങ്ങുന്ന അതിനെ കണ്ടപ്പോള്‍ മാധവേട്ടന്‍റെ അമ്മ ശരിക്കും ഒന്നു നിലവിളിച്ചു. ആള്‍ പെരുമാറ്റം കേട്ടു പത്തി വിടര്‍ത്തി നിന്ന തലയിലെ ആ സംവിര്‍ത്തമായ കണ്ണുകളില്‍ രേവതി കണ്ടത് തനിക്ക് എന്നോ നഷ്ടമായിപോയ സ്നേഹദര്‍ശനമാണ്. പത്തി ഒന്നു ചെരിച്ചപ്പോള്‍ ചെറു ചെതുംബലുകള്‍ കൂട്ടമായി ഒരു പ്രത്യേക രീതിയില്‍ വെച്ചത് കണ്ടപ്പോള്‍ മാധവേട്ടന്‍റെ കറുത്ത ഫ്രയിം കണ്ണട വച്ച മുഖമാണ് രേവതി ഓര്‍ത്തത്. പത്തിക്കു മുന്‍പിലുള്ള രണ്ടു കറുത്ത നീണ്ട പൊട്ടുകള്‍, മാധവേട്ടന്‍റെ കവിളിലെ കറുത്ത മറുകുകള്‍ തന്നെയല്ലേ എന്നു രേവതിക്ക് തോന്നി. എല്ലാവരും അതിനെ “പാമ്പു” എന്നു വിളിച്ചപ്പോള്‍ രേവതി മാത്രം രഹസ്യമായി അവര്‍ മാത്രമുള്ള അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ അതിനെ മാധവേട്ടന്‍ എന്നു വിളിച്ചു. അല്ലെങ്കിലും മാധവേട്ടന്‍ വീണ്ടും വരുമെന്നു രേവതിക്ക് അറിയാമായിരുന്നു. എത്രകാലം തന്‍റെ മാധവേട്ടന് എന്നെ പിരിഞ്ഞു മരിച്ചിരിക്കാനാവും!

ഇന്ന് കോടതിയിലേക്ക് വിധി കേള്‍ക്കാന്‍ വരുന്നതിന്  മുന്‍പെ, പണിതീരാത്ത വീടിന്‍റെ പടിഞ്ഞാറ്റയുടെ മൂലയില്‍ പാര്‍ക്കുന്ന മാധവേട്ടനെ കാണാന്‍ രേവതി പോയിരുന്നു. “നമ്മുക്ക് നീതി കിട്ടുമോ.. മാധവേട്ടനെ എന്‍റെ മുന്നിലിട്ട് കൊന്നവരെ കോടതി ശിക്ഷിക്കുമോ..” എന്നു ചോദിച്ചപ്പോള്‍ മാധവേട്ടന്‍റെ കണ്ണുകളില്‍ രേവതി കണ്ടത് നല്ല ആത്മവിശ്വാസം മാത്രമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ മാധവേട്ടനെ പഴയ വീട്ടിലെ “നമ്മുടെ മുറിയില്‍” തന്‍റെ കണ്‍മുന്നില്‍ വച്ച് അരിഞ്ഞു തള്ളിയവരെ നമ്മുടെ കോടതി പതിനാല് കൊല്ലങ്ങള്‍ കാരാഗൃഹത്തിനുള്ളില്‍ അടച്ച് ശിക്ഷിക്കും, നിശ്ചയം.

 

കോടതി മുറിയില്‍ പത്തുപതിനാറു പേരെ ഉള്ളൂ. മുറിക്കുള്ളിലെ മരവേലിക്കപ്പുറത്ത് ഒരു ഭാഗത്ത് സര്‍ക്കാര്‍ വക്കീല്‍ സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ പുതിയ രണ്ടു ജൂനിയര്‍ വക്കീലുമാരോട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്. അടുത്തു തന്നെ ക്രൈം ബ്രാഞ്ച് എസ്പി ഹക്കിം ഇബ്രാഹിം ഇരിക്കുന്നുണ്ടു. കഴിഞ്ഞ ഒരുപാട് കൊല്ലങ്ങളില്‍ പലപ്രാവശ്യം ഇവരെയൊക്കെ രേവതി കണ്ടിരിക്കുന്നു. ദൃക്ക്സാക്ഷി താനായതിനാല്‍ പല പ്രാവശ്യം ഇവരുടെ ചോദ്യങ്ങള്‍ക്ക് രേവതി ഉത്തരം പറഞ്ഞിരിക്കുന്നു. കോടതിമുറിയുടെ മറ്റെ ഭാഗത്ത്, കറുത്ത കോട്ടിന്‍റെ അറ്റം കൊണ്ട് സ്വര്‍ണ ഫ്രൈമുള്ള കണ്ണട തുടച്ചു, ഏതോ ഫയലില്‍ കണ്ണും നട്ട് പ്രതിഭാഗം വക്കീല്‍ സതീഷ്ചന്ദ്ര ബഹുമാനപെട്ട ജഡ്ജിയെയും കാത്തിരിക്കുന്നു. മരവേലിക്കിപ്പറുത്തു രണ്ടു കോളത്തില്‍ ഇട്ട ഞരങ്ങുന്ന ബെഞ്ചുകളുടെ ഒരു ഭാഗത്ത് മാധവേട്ടന്‍റെ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ ഇരിക്കുന്നു. അപ്പുറത്തെ ഭാഗത്ത് മാധവേട്ടനെ കൊന്നവരുടെ പാര്‍ട്ടിയിലെ നാലഞ്ച്പേര്‍ ഇരിക്കുന്നുണ്ട്.

പ്രതികള്‍ ഓരോരുത്തരായി പ്രതികൂട്ടിനടുത്ത് വന്നു നില്‍ക്കാന്‍  തുടങ്ങി. അതില്‍ ഒന്നാം പ്രതി ഗോപാലനെ മാത്രമേ രേവതിക്ക് അറിയൂ. ”മത്തികര പറമ്പില്‍ രാഘവന്‍ മകന്‍ പെയിന്‍റ് പണിക്കാരന്‍ ഗോപാലന്‍”.  മറ്റ് എട്ടു പ്രതികളെയും കോടതിയില്‍ വച്ചാണ് രേവതി ആദ്യമായി കണ്ടത്. ഗോപാലനും കൂട്ടരും നല്ല വെള്ള ഷര്‍ട്ടും തടിച്ച നീലക്കരയുള്ള വെള്ള ഡബിള്‍ മുണ്ടുമാണിട്ടിരികുന്നത്. മുഖം വൃത്തിയായി ഷെയിവ് ചെയ്തിരിക്കുന്നു. നല്ല എണ്ണയില്‍ കുളിച്ചു മിനുസ്സപ്പെടുത്തിയ മുടി വൃത്തിയായി കോതി വച്ചിട്ടുണ്ട്. കൈ രണ്ടും മുമ്പില്‍ പരസ്പരം കോര്‍ത്ത് മടക്കി വച്ച് ജഡ്ജിയുടെ ഉയത്തിവച്ച അരമനയില്‍ത്തന്നെ നോക്കി നില്‍പ്പാണവര്‍.

ജഡ്ജി വരുമ്പോള്‍ ഒന്നെഴുനേറ്റു നില്‍കാന്‍ വേണ്ടി രേവതി `തന്‍റെ മേലും ചാരിയിരുന്നിരുന്ന അമ്മുവിനെ ഒന്നു സ്വല്പം അകലത്തേക്ക് തള്ളി നീക്കി. അമ്മുവിനത് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഈര്‍ഷ്യ  മുഖത്ത് നന്നായി കാണാം. പക്ഷേ അപ്പുവിന്‍റെ വയറമര്‍ത്തി രസിച്ചു നില്‍ക്കുന്ന അവള്‍ ഒച്ചപാടൊന്നും ഉണ്ടാക്കിയില്ല. ആറു വയസ്സായി അമ്മുവിന്. പണ്ട് പണ്ടേ എപ്പഴും അവളുടെ കൈയില്‍ അപ്പു ഉണ്ടാവും. തുണിയില്‍ തുന്നി പിടിപ്പിച്ച ഒരാന കുട്ടിയാണ് അപ്പു. അവന് ഒരു നീണ്ട തുംബികൈയുണ്ട്. മാധവേട്ടന്‍ അത് മേടിച്ച കാലത്ത് അതിന്‍റെ തുംബികൈക്കുള്ളില്‍ ഒരു പീപ്പി ഉണ്ടായിരുന്നു. അപ്പുവിന്‍റെ കുമ്പ ഒന്നു ഞെക്കുമ്പോള്‍ തുബികൈ വഴി ഒഴുകുന്ന കാറ്റ് ആ പീപ്പിയെ ഊതി ഉണര്‍ത്തും. അപ്പു ഛിന്നം വിളിക്കും. അപ്പുവിന്‍റെ കുരളിലെ ആ പീപ്പി ഇല്ലാതായിട്ടും വര്‍ഷം ഏഴായി. എങ്ങനെയാണ് അപ്പുവിന്‍റെ ഛിന്നം വിളിനിലച്ചെതെന്ന് രേവതി ആരോടും – അമ്മുവിനോടുപോലും – പറഞ്ഞിട്ടില്ല.

 

ഏഴു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം ഒരു ബുധനാഴ്ച്ച ഉച്ച കഴിഞ്ഞപ്പോള്‍ത്തന്നെ മാധവേട്ടന്‍ പണി നിറുത്തി തിരിച്ചു വന്നു. കല്ല് ചെത്തായിരുന്നു മാധവേട്ടന്‍റെ പണി. മെഴുക്കോലും, കല്‍വെട്ടിയും വീടിന്‍റെ മുന്‍വശം വെച്ച് കിണറ്റിന്‍ കരയില്‍നിന്നും കുളിച്ചു കയറി വേഗം വേഷം മാറി വന്നപ്പോഴേക്കും രേവതി കപ്പയും  മീനും ബെഞ്ചിന്‍റെ മേല്‍ എടുത്തു വച്ചിരുന്നു. പണ്ടൊക്കെ മാധവേട്ടന്‍ പണി കഴിഞ്ഞു നേരത്തെ വന്നാല്‍ രേവതിക്കു വലിയ ഉല്‍സാഹമായിരുന്നു. എന്നാല്‍ ഇപ്പോഴൊക്കെ നേരത്തെ വന്നാല്‍ മാധവേട്ടന്‍ കുളിച്ചു ഭക്ഷണം കഴിച്ചു വേഗം നാട്ടിലേക്കിറങ്ങും. പാര്‍ട്ടി കാര്യത്തിന്നു. രേവതിക്ക് അതിഷ്ടമേയല്ല. ഇറങ്ങിയാല്‍ പിന്നെ നേരം പതിരാവായാലേ മാധവേട്ടന്‍ തിരിച്ചു വരൂ. ചിലപ്പോള്‍ പിറ്റെന്നു നേരം വെളുത്തും. പക്ഷേ അന്നു വന്നപ്പോള്‍ ഭക്ഷണത്തിനിരിക്കാതെ അമ്മയുടെ കണ്ണു വെട്ടിച്ചു, മെല്ലെ പിടിച്ച് വലിച്ചു പടിഞ്ഞിറ്റയില്‍ കൊണ്ടുപോയപ്പോള്‍ തന്നെ തോന്നി എന്തോ കളത്തരം ഉണ്ടെന്ന്. കട്ടിലില്‍ ഇരുത്തി, രേവതിയുടെ ഏഴു മാസം വളര്‍ന്ന വയര്‍ മെല്ലെ തലോടി “പണിക്കു പോവനൊന്നും മനസ്സ് വരുന്നില്ല, എന്‍റെ ഈ കുഞ്ഞി വാവയെ ഓര്‍ത്തപ്പോള്‍” എന്നു പറഞ്ഞു, മാധവേട്ടന്‍ അവളുടെ വയറ്റിനരികില്‍ ചെവി ചേര്‍ത്ത് പിടിച്ച് കിടന്നു. കട്ടിലിനരികില്‍ ഒളിപ്പിച്ചു വച്ച അപ്പു ആനയെ അപ്പോഴാണു രേവതി കണ്ടത്. “ഇത് കണ്ടോ.. എന്‍റെ വാവകുഞ്ഞിന് ഞാന്‍ വാങ്ങിയതാ” എന്നു പറഞ്ഞു, രേവതിയുടെ നിറവയറില്‍ ഉമ്മ വച്ച്, മാധവേട്ടന്‍ അപ്പുവിന്‍റെ കുമ്പയില്‍ ഒന്നമര്‍ത്തി. “ക്രീ” എന്നൊച്ചത്തില്‍ അപ്പു ഒന്നു ഛിന്നം വിളിച്ചപ്പോള്‍, കളിയായി രേവതി ഒന്നു പേടിച്ചു കാണിച്ചു. മാധവേട്ടന്‍റെ മടിയില്‍ തല വച്ച് കിടന്ന്‍, കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നപ്പോള്‍, വയറ്റിലെ വാവ ഒന്നിളകി കിടന്നു. ഒരു പുഞ്ചിരിയില്‍, മാധവേട്ടന്‍റെ വലം കൈ തന്‍റെ നിറഞ്ഞ വയറില്‍ വച്ച്: ”കണ്ടാ കുഞ്ഞിവാവ അച്ചന്‍റെ കുരുതകേടെല്ലാം അറീന്നുണ്ട്“ എന്നു പറഞ്ഞു തീരുമ്പോഴാണ് , മുറ്റത്തു എന്തോ വലിയ ബോംബ് പൊട്ടുന്ന പോലത്തെ ഒച്ച രേവതി കേട്ടത്.

പുകയും പൊടിപടലങ്ങളും അകത്തേക്ക് ഇരച്ചു കയറി. വീടിന് പുറത്തു ആരൊക്കെയോ അലറി നിലവിളിക്കുന്ന ഒച്ച കേള്‍ക്കുണ്ട്. ബോംബിന്‍റെ ഒച്ചയില്‍ രേവതിയുടെ ചെകിടൊരുനിമഷം അടഞ്ഞുപോകവേ, വാതില്‍ തള്ളി തുറന്ന്‍ അയാള്‍ അകത്തേക്ക് ഇരച്ചു കയറി. അയാള്‍ക്കൊപ്പം മറ്റ് മൂന്നുപേരും. അയാളുടെ തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. മുറുക്കാന്‍ തിന്നു കടും ചുവപ്പാര്‍ന്ന അയാളുടെ ചുണ്ടുകള്‍ വക്രിച്ച് ത്രസിക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണില്‍ രേവതി കണ്ടത് മകരത്തിലെ കടും മഞ്ഞു മാത്രം. അയാളുടെ കൈയ്യിലുള്ള നീളമുള്ള വടിവാളിന്‍റെ അറ്റം കൂര്‍ത്ത് കറുത്തിരിണ്ടിക്കുന്നു. പടിഞ്ഞാറ്റയിലെ ജനാലിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ ചെത്തി മിനുപ്പിച്ച വാള്‍ത്തലയില്‍ തട്ടി തകര്‍ന്നു വീഴുന്നുണ്ട്. വാളിന്‍റെ മരപിടി ഒരുവശത്തു പൊട്ടിയിരിക്കുന്നു. മൂന്നുപേരില്‍ ഒരാളുടെ കൈവശം പുതുപുത്തന്‍ ക്രിക്കറ്റ് ബാറ്റും, മറ്റൊരാളുടെ വശം തുരിംബിച്ച നീണ്ട ഇരുമ്പു വടിയും ഉണ്ട്. അയാള്‍ അലറി : “നായിന്‍റെ മോനേ കേട്ട്യോളുടെ സാരീന്‍റെ ഉള്ളില്‍ ഒളിച്ചിരിക്യാ അല്ലേ…”. കട്ടിലില്‍ നിന്നു ചാടി എണീറ്റ്, മാധവേട്ടനെ തന്‍റെ മെലിഞ്ഞ ശരീരം കൊണ്ട് മറച്ചു രേവതി അലറി കരഞ്ഞു. പുറത്തു വീണ്ടും പൊട്ടിയ ബോംബിന്‍റെ ഒച്ചയില്‍ ഒന്നു തരിച്ചു നിന്നു, സകല ശക്തിയും സംഭരിച്ചു അവള്‍ അയാളുടെ നേരെ ചീറി അടുത്തു. അയാള്‍ അവളെ ഒറ്റകൈയാല്‍ വകഞ്ഞു പിടിച്ച്, വാള്‍ത്തല കൊണ്ട് മാധവേട്ടന്‍റെ ഏന്തിപ്പിടിക്കാന്‍ നോക്കവേ, അപ്രതീക്ഷിതമായി നേരിട്ട എതിര്‍പ്പില്‍ ഒരിട അന്താളിച്ചുപോയ മറ്റ് മൂന്നുപേര്‍ മാധവേട്ടന്‍റെ അടുത്തേക്ക് ഉന്നം വച്ച് നീങ്ങി.

“ഗോപാലാ അവളെ ഒന്നും ചെയല്ലേ”, മാധവേട്ടന്‍റെ ഒച്ചയില്‍ ഇത്രക്ക് ദൈന്യത ഒരിക്കലും രേവതി കേട്ടിരുന്നില്ല. “പേരു വിളിച്ചു പറയുന്നോടാ പട്ടീ…”, എന്നു അലറി “വെട്ടെടാ എക്സെ ഓന്‍റെ കഴുത്ത്” എന്നു ഗോപാലന്‍ ആഞാപ്പിച്ചു. ഇരുമ്പു വടി തലയില്‍ ആഞ്ഞു പതികവേ “ഗോപാലാ , നീ മത്തിപറമ്പിലെ ഗോപാലനല്ലേ, നിന്നെ എത്ര പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നൂ… നമ്മളെ രാഷ്ട്രീയം എന്തായാലും അവളെ വെറുതെ വിട് നീ..” എന്നു കേണു കരയുന്ന മാധവേട്ടന്‍റെ ഒച്ചയില്‍ എവിടെയോ അഭയം കണ്ടു രേവതി വീണ്ടും കരള്‍ കീറി അലറി കരഞ്ഞു. ഗോപാലന്‍, വാള്‍ പിടിച്ച ഇടം കൈയ്യാല്‍ തന്‍റെ തലയിലെ തോര്‍ത്തഴിച്ചു രേവതിയുടെ വായിലേക്ക് തിരുക്കി കയറ്റി, അവളെ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു. തന്‍റെ വാള്‍ വലം കൈയിലേക്ക് മാറ്റി , “ഒരുത്തന്നെ നന്നായി വെട്ടാനും അറിയിലേടാ പയലുകെളെ” എന്നു പറഞ്ഞു, കട്ടിലിന്‍റെ ഒരറ്റത്തേക്ക് വീണു കിടക്കുന്ന മാധവേട്ടന്‍റെ അടുത്തേക്കയാള്‍ പാഞ്ഞു. ഗോപാലന്‍റെ കാലുകള്‍ മാധവേട്ടന്‍റെ അടുത്തേക്ക് മദഗജ വേഗം നേടവേ, അയാളുടെ നെടും കാല്‍ ചെന്നു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ നെഞ്ചിലായിരുന്നു. ഉച്ചത്തില്‍ ഛിന്നം വിളിച്ച അപ്പുവിനെ നോക്കി “ഇതേതു ശവം..”, എന്ന്‍ അവഞയോടെ അലറി, തന്‍റെ കാലുകൊണ്ടു വീണ്ടും വീണ്ടും അതിനെ ചവിട്ടിയരച്ച്, പുറം കാലുകൊണ്ടു അതിനെ രേവതി വീണിടത്തേക്ക് ചവിട്ടി എറിഞ്ഞു, വാള്‍ വീശി ഗോപാലന്‍ മാധവേട്ടന്‍റെ നെഞ്ചില്‍ അമര്‍ത്തി ചവിട്ടി.

ഊരിയ വാളിന്‍റെ ശീല്‍കാരം “നമ്മുടെ മുറിയെ” നടുക്കി തരിക്കവേ,  ലക്ഷ്യ ഭേദിയായ വാളിന്‍റെ ഘനം മാധവേട്ടന്‍റെ  ഹൃദയം തകര്‍ക്കവേ, എട്ടു കൈകള്‍ മാധവേട്ടന്‍റെ ദേഹത്ത് സംഹാര താണ്ഡവമാടവേ, മാധവേട്ടന്‍റെ ഒരു വലിയ നിലവിളിയില്‍ രേവതിയുടെ കാതുകള്‍ കത്തിയമര്‍ന്നു. ചീറി തെറിക്കുന്ന ചുടുചോരയുടെ കത്തിപടരുന്ന ഗന്ധം അവളുടെ മ്പോധത്തില്‍ ഒരു ചുഴലിക്കാറ്റായി ഉതിര്‍കൊണ്ടപ്പോള്‍ ചതഞ്ഞു കുരല്‍ തകര്‍ന്ന അപ്പുവിനെ നെഞ്ചിലമര്‍ത്തിയ രേവതിയില്‍, ഇടയാന്തൂര്‍ ഗ്രാമത്തിലെ കണ്ണെത്താത്ത വാഴ തോട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാഴകൂബിലെ തേന്‍ കട്ടുകുടിക്കുന്ന ഏതോ ബാല്യകാല ചിത്രം എങ്ങനെയോ നിറഞ്ഞു. പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

നാളെ

{{ Published in the Greater Austin Malayalee Association (GAMA) ‘s Feb 2015 Magazine}}

നാളെ

മനസ്സില്‍ ശ്രുതിബദ്ധമായ തബലയില്‍ ദ്രുപദ താളത്തില്‍ പതിയുന്ന വിരലുകള്‍. സാക്കീര്‍ ഹുസ്സൈനിന്റെ രാഗമാലിക. നാളെയുടെ രാഗതാളലയം…. തില്ലാന.

അയാള്‍ പതുക്കെ നടന്നു. മൂപ്പര്‍ ബംഗ്ലാവിനു താഴെ കാഞ്ചന വര്‍ണ്ണത്തിലുള്ള നനുത്ത പൂഴിമണല്‍ പരപ്പില്‍ ഒഴുകുന്ന  കടല്‍ തീരം. അറബിക്കടലില്‍ നിന്നു വരുന്ന തണുത്ത കാറ്റ് പ്രഭാതകിരണങ്ങളില്‍ തട്ടി അയാളിലേക്ക് ഒഴുകി. കാറ്റിനോടൊപ്പം കളിക്കാനെന്നോണം അയാളുടെ കാലുകള്‍ തഴുകി എത്തുന്ന കൊച്ചു കൊച്ചു തിരമാലകള്‍. ശാന്തമായ കടല്‍.

തന്‍റെ കൈയ്യിലെ സ്വര്‍ണ്ണ മോതിരം നെഞ്ചോടമര്‍ത്തി അയാള്‍ ഒരു നിമിഷം നിന്നു. മനസ്സില്‍ തുടരുന്ന രാഗലയം.

അകലെ ദാസനും ചന്ദ്രികയും സ്വയം ലയിച്ചുണരുന്ന മാഹിയുടെ വെള്ളാരം കല്ലുകള്‍. കൈകോര്‍ത്ത്, കടല്‍ നോക്കി, എന്തോ പറഞ്ഞു, ചിരിച്ചു മെല്ലെ നടന്നു വരുന്ന വൃദ്ധ ദമ്പതികള്‍. വൃദ്ധയുടെ കണ്ണടയില്‍ പതിഞ്ഞ  ബാഷ്പ പടലങ്ങള്‍ തുടച്ച് അവരുടെ മൂക്കിന്‍ തുംബത്ത് കണ്ണട വച്ചു കൊടുക്കുന്ന വൃദ്ധന്‍. “നാളെയല്ലേ ഉണ്ണി വരുന്നത്… എത്ര എത്ര നാളുകള്‍ക്ക് ശേഷം!.” വൃദ്ധയുടെ നനഞ്ഞ കണ്ണുകളില്‍ വിടരുന്ന പാല്‍ പുഞ്ചിരി. അതില്‍ അലിയുന്ന വൃദ്ധന്റെ സ്വയം കൃതാര്‍ത്ഥനമായ ചിരി.

അവള്‍……

മണല്‍ പുറത്തു ചിതറികിടക്കുന്ന പുസ്തകങ്ങള്‍. കടല്‍ക്കാറ്റ് പതറിച്ച ഇടതൂര്‍ന്ന മുടിയിഴകള്‍.അവളുടെ ചുവന്ന ചൂരിദാര്‍ അലങ്കോലമാക്കിയത് ഈ കടല്‍ കാറ്റാവാം. തുടുത്ത കണ്ണുകള്‍ കലങ്ങിയത് ലവണഘനമുള്ള കടല്‍ കാറ്റിന്റെ ചൂര് കൊണ്ടാവാം. നടന്ന് അകലുമ്പോള്‍, അവള്‍ പൂഴി  മണലില്‍ എഴുതിയത് അയാള്‍ കണ്ടു:

“നാളെ.”

പതുക്കെ വരുന്ന തിരകള്‍, “നാളെ” യെ മെല്ലെ അലിയിച്ച് കടലിലേക്ക്…..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അതും നോക്കി, നനഞ്ഞ പൂഴി മണലില്‍, അവള്‍.

നാളെ, മായയോട് ഞാന്‍ പറയും, എനിക്കവളെ എന്തിഷ്ടമാണെന്ന്. ആദ്യമായി തന്നെ കാണുമ്പോള്‍ മായയുടെ മുഖത്ത് വിരിയുന്ന അതിശയാതിരേകം!. നാളെ……  അവളുടെ വിരലില്‍ ഈ മോതിരം……

എതിരെ അച്ഛന്റെയും അമ്മയുടെയും കൈ വിരലില്‍ തൂങ്ങി , താളം ചവിട്ടി വരുന്ന കുട്ടി.

“അച്ഛന്‍ നാളെ തന്നെ എനിക്കു സൈക്കിള്‍ വാങ്ങി തരും, അല്ലേ”, അവന്റെ തലമുടിയില്‍ വിരലോടിച്ചു, പതുക്കെ “അതേ” എന്നു പറയുന്ന അച്ഛന്‍. “നാളെ അനു ഏട്ടനോടു  പറയണം നിന്നെ ആ സൈക്കിള്‍ ഒന്നു പഠിപ്പിക്കാന്‍.” അമ്മ.

ബീച്ചിന്‍റെ ഒരറ്റത്തു, കലപിലകൂട്ടി കഥ പറയുന്ന പെണ്‍ കുട്ടികള്‍. “നാളെയാണല്ലോ എന്‍ട്രന്‍സ് എക്സാമിന്റെ റിസല്‍റ്റ്… കടന്നു കിട്ടുമായിരിക്കുമല്ലേ..”, നെറ്റിയില്‍ വീഴുന്ന മുടി ഒതുക്കി, കാറ്റില്‍ പറക്കുന്ന തന്റെ സല്‍വാറിന്‍റെ ദുപ്പട്ട ഒതുക്കി, മനസ്സില്‍, മോഹത്തിരയില്‍ ആ പെണ്‍ കുട്ടി. “നാളെയാ മജീദ്ക്ക ദുബായില്‍ നിന്നു വരുന്നത്”, കാറ്റിന്റെ നനവില്‍, ലജ്ജയില്‍ കുതിര്‍ന്നു, തന്റെ തട്ടം ഒന്നു നേരെയാക്കി കണ്ണില്‍ കഥകള്‍ നിറച്ചു മറ്റൊരു പെണ്‍ കുട്ടി. “ഈ പ്രാവശ്യം വിടരുത് കേട്ടോ, നിക്കാഹ് കഴിപ്പിച്ചേ അടങ്ങാവൂ”, അവളുടെ കവിളില്‍ ഒന്നു പിഞ്ചി കളി പറയുന്ന കൂട്ടുകാരികള്‍.

ബീച്ചിന്റെ അറ്റം. അകലെ പാറയിടുക്കുകളില്‍ കല്ലുമ്മക്കായ പറിക്കുന്നവര്‍. ചുറ്റും വഞ്ചികള്‍ കടലിലേക്ക് ഇറക്കാന്‍ തിരക്ക് കൂട്ടുന്ന മുക്കുവര്‍. കൈയ്യില്‍ വലയും, തലയില്‍ ഈറ തൊപ്പിയുമായി, കൂട്ടുകാരോടൊത്തു വഞ്ചിയിലേക്ക് ഓടിക്കയറുന്ന ചെറുപ്പക്കാരന്‍. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍, കുറച്ചകലെ, കണ്ണില്‍ കണ്ണീര്‍ തുളുംബി, പതറുന്ന ചൂണ്ടുകളോടെ കടലും വഞ്ചിയും നോക്കികൊണ്ടു നില്‍ക്കുന്ന ഒരു യുവതി. മനോഹരമായി കെട്ടി വരിഞ്ഞ വല വഞ്ചിയില്‍ വച്ച്, പൂഴിയിലൂടെ ഞരങ്ങി നീങ്ങുന്ന വഞ്ചിയില്‍ നിന്നും ചെറുപ്പക്കാരന്റെ മേഘസന്ദേശം: “ചാകരയാ തലശ്ശേരി കടലില്‍. നാളെ  ആ ചാകരയുമായി ഇങ്ങ് വേഗം വരില്ലേ  ഞാന്‍ എന്‍റെ പൊന്നെ!”, സ്നേഹ ദീപ്തമായി പ്രഭാത സൂര്യ കിരണങ്ങള്‍ വെട്ടി തിളങ്ങുന്ന യുവതിയുടെ മുഖം.

തിരികെ നടക്കാം.

ഇരു വശങ്ങളില്‍ നിന്നും പരസ്പരം അടുത്തേക്ക് നടന്നു വരുന്ന പരിചയക്കാര്‍. “ഡോക്ടറെ, നാളെയാ എന്റെ വീട്ടില്‍കൂടല്‍,  മറക്കല്ലേ”, “പിന്നല്ലേ, മറക്കുമോ ഞാന്‍. പക്ഷേ ഇത്തിരി വൈകും കേട്ടോ. നാളെ എനിക്കു ഒരു സിസേറിയന്‍ ഉണ്ട്, ഹോസ്പിറ്റലില്‍.” ചിരിച്ചു, കൈകൊടുത്തു പിരിഞ്ഞു പോകുന്ന കൂട്ടുകാര്‍.

അവള്‍.

പൂഴി മണലില്‍ നനഞ്ഞിരിക്കുന്ന അവള്‍…. വലിയ അക്ഷരത്തില്‍  “നാളെ….Nothing….” എന്നു പൂഴിയില്‍…..നനഞ്ഞ പൂഴിയില്‍ കുതിര്‍ന്ന വിരലുകള്‍. സാവധാനം ഒഴുകിയെത്തുന്ന പതഞ്ഞു നുരഞ്ഞ തിരകള്‍. തീരം തഴുകി, അവളുടെ ചെരിപ്പിടാത്ത വെളുത്ത കാലുകള്‍ എത്തിപ്പിടിച്ചു, ഒരു നിമിഷം ആ കാലുകളില്‍ തങ്ങി നിന്നു തിരിച്ചു പോകുന്ന തിരകള്‍. അയാള്‍ അവളുടെ അടുത്തിരുന്നു. അവള്‍ ഒന്നും പറയാതെ.

കടലുപ്പിന്റെ രസം കലര്‍ന്ന നനവ് അയാളുടെ വസ്ത്രങ്ങളില്‍…… അയാള്‍ അവളെ നോക്കി. അവളുടെ കണ്ണില്‍ ഒരു രാത്രിയുടെ ഇരുളിമ. വരണ്ട ചുണ്ടില്‍ കത്തി നശിച്ച നാളെകള്‍.

തന്റെ പെര്‍സില്‍ നിന്നും അയാള്‍ ഒരു ഫോട്ടോ എടുത്തു. കണ്ണില്‍ പ്രകാശം ഇല്ലാത്ത, എന്നാല്‍ ചുണ്ടില്‍ മധുരം കിനിയുന്ന മായ. “ഇത് മായ. മാഹീ ഹോസ്പിറ്റലിലാണ് ഇപ്പോള്‍.” ധവള മേഘങ്ങള്‍ പരന്നു കിടക്കുന്ന സാഗരാകാശം. “ഒരു നല്ല മനുഷ്യന്‍ മരണാനന്തരം കൊടുത്ത കണ്ണുകളുമായി നാളെ അവളുണരും.” മേഘങ്ങളില്‍ തിളങ്ങുന്ന സൂര്യന്‍.  “അപ്പോള്‍ അവളുടെ ചുണ്ടില്‍ മാത്രമല്ല , കണ്ണിലും ഉണരും ഈ പ്രഭാത സൂര്യന്‍.” കടലിലെ പൊന്‍ തിളക്കം. “ആദ്യം അവള്‍ എന്നെയാണ് കാണുക.” അയാള്‍ അവളുടെ മുഖത്ത് നോക്കി. ജീവന്‍  ഉണരാന്‍ വെമ്പുന്ന കറുത്ത കണ്ണുകള്‍. മായയുടെ കണ്ണുകള്‍. കൈ തുറന്നു സ്വര്‍ണ്ണ മോതിരം അയാള്‍ അവള്‍ക്ക്…

“ഇത് ഞാന്‍ മായക്കു കൊടുക്കും, നാളെ… അവള്‍ ആദ്യമായി കാണുന്ന സ്വര്‍ണ്ണ മോതിരം…”. അവളുടെ ചുണ്ടില്‍ എവിടെയോ ഒരു പുഞ്ചിരി. അയാള്‍ കടലിലേക്കൊന്നു നോക്കി. മുന്നില്‍ സ്നേഹ സമുദ്രം.

“നാളെ ഞാനിതു മായക്കു കൊടുക്കുമ്പോള്‍, എനിക്കു കൂട്ടായി നീ വരുമോ?”.

സര്‍വ്വപാപനാശിനിയായ കടല്‍. അയാള്‍ എഴുന്നേറ്റു. കൈ നീട്ടിയപ്പോള്‍, അയാളുടെ കൈയ്യില്‍ പിടിച്ചു അവളും എഴുന്നേറ്റു. ഇളം കാറ്റ് വീശുന്ന കടല്‍ത്തീരത്തില്‍ സൂര്യനില്‍ കുളിച്ചു അവള്‍ അയാള്‍ക്കൊപ്പം നടന്നു. കടലില്‍ നിന്നും, കടല്‍ത്തിരക്കോളില്‍ നിന്നും അകലേക്കു.

കീഴന്തൂര്‍ തിറ മഹോത്സവം

കീഴന്തൂര്‍ തിറ മഹോത്സവം

ഫെബ്രവരി 15 to 16 2015
Photo Courtesy : Abhin Manoharan

തിരുവായുധം കടഞ്ഞിരിക്കുന്നു. ഇടയാന്തൂര്‍ കാവില്‍ ഒറ്റ കവുങ്ങില്‍ കടഞ്ഞ മരത്തില്‍ തെയ്യ കൊടിയുയര്‍ന്നിരിക്കുന്നു. പെരുമരം ചെംബട്ടുടുത്തു, ചുറ്റിലും എണ്ണ വിളക്കിന്‍റെ കണ്ണുകള്‍ തുറന്നു വച്ചു. ഇന്നലത്തെ വെള്ളാട്ടത്തിന്ന്‍ കൊളുത്തിയ ചൂട്ടുകള്‍ കത്തിയമര്‍ന്നതിന്‍റെ ചാരം കാവിലെങ്ങും ഉണ്ട്.

Kizanthur_vellattam
Vellattam…..

 

ഗുളികന്‍ തിറ കലശമാടി, ഉരിയാടല്‍ തുടങ്ങി കഴിഞ്ഞു.

Gulikan
Gulikante Mudiyettam

 

 

by Abhin Manoharna
Gulikan,,,,

ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

Ghatakarnnan-maar
Ghatakarnnan-maar

കാണാതായ കൈയ്യെഴുത്തു മാസിക

(Photo and Introduction Text courtesy: Mathrubhumi Online)

{{ Mathrubhumi `Star & Style’ chief sub editor and short story writer K V Anoop (42) passed away at a private hospital here around 11 am on Monday, September 14 2014.

Anoop was born on April 25, 1972 and joined Mathrubhumi in 1997 as sub editor. His literary works include Anandapathuvinte Prasangangal, Kazhchakkulla Vibhavangal (collection of short stories), Ammadeivangalude Bhoomi (novel), Maradona: Deivam, Chekuthan, Rakthasakshi (a biography) and Lionel Messi: Tharodayathinte Kadha.

His novel Ammadeivangalude Bhoomi won the Uroob award way back in 1992. He is also a recipient of Muttathu Varkey Foundation award (1994), Ankanam-E P Sushama Memorial Endowment (2006) and Mundoor Krishnankutty award (2011).

Anup and I studied together at Govt Boys High School, Pallur, Mahe}}

പള്ളൂര്‍ റോഡിലെ വലിയ കയറ്റo കയറി കിതച്ചോടി ഹൈസ്കൂലെത്തുബോള്‍, മിഡില്‍ സ്കൂലിന്‍റെ ലയo മാറാത്ത ഒരെട്ടാo ക്ലാസൂകരനായിരുന്നു ഞാന്‍. അവിടെ, മാഹിക്കു പുറത്തു നിന്ന് ആദ്യമായ് എനിക്കു കിട്ടിയ ചങ്ങാതി: അനൂപ്. ഒരു ആറാം ക്ലാസുകാരെന്‍റെ രൂപം. പതിഞ്ഞ, ദ്യെഷ്യo വരുമ്പോളും ഖരം പകരാത്ത ശബ്ദം. എം ടിയുo, ഉറൂബുo, മുകുന്ദനും, കാക്കനാടനും, ചുള്ളിക്കാടു ഒക്കെയായി, പഴയ സ്കൂലിന്റ്റെ കെട്ടിടങ്ങള്‍ക്ക് ഇടയിലെ പോളിഞു കീറിയ വഴികളില്‍ എഴുത്തിന്റ്റെ അറിയാ വഴികളില്‍, പി. ടി പിരീടുകളില്‍ അലഞ നാളുകള്‍!. ( അന്ന്‍ പി. ടി പിരീടുകളെ ഒഴിച്ചു നിര്‍ത്തിയ ആള്‍, പിന്നെങ്ങനെ മറഡോണയുടേയും, മെസ്സിയുടെയും ജീവിത കഥയില്‍ എത്തിപ്പെട്ടെന്ന് ഞാന്‍ അത്ഭുതപെട്ടിടുണ്ട്!)

അങ്ങിനെ ഒരു ദിവസം കിട്ടിയ “വലിയ” ആശയം ആയിരുന്നു : പള്ളൂര്‍ സ്ക്കൂളിനായായൊരു കൈയ്യെഴുത്തു മാസിക. ലിറ്റില്‍ മാഗസിനുകളുടെ പ്രഭാവ കാലം അസ്തമിച്ചു കൊണ്ടിരുന്ന എമ്പത്തുകളുടെ അവസാനകാലം, പ്രിന്‍റ് ചെയ്യാന്‍ പൈസയില്ലാതിരുന്ന ഞങ്ങള്‍, ഒരു കൈയ്യെഴുത്തു മാസിക ഉണ്ടാക്കി. മാഗസിന്‍ നിറക്കാന്‍ കൃതികള്‍ തേടി അറിയുന്ന ക്ലാസിലെല്ലാം കേറിയിറങ്ങി. തികയാതെ വന്നപ്പോള്‍ അനൂപ് തന്നെ ഒന്ന്‍ രണ്ടു കഥകളും കവിതകളും എഴുതി. മാഗസിന്റെ സൈഡ് ബോക്സുകളില്‍ ഞങ്ങള്‍ മനോധര്‍മം നിറച്ചു. എഴുത്തായിരുന്നു, കൃതി എഴുതല്ല, പകര്‍ത്തെഴുതായിരുന്നു, ഏറ്റവും ബോറടിച്ച പണി. കറുത്ത മഴിയില്‍, പാതി വെളുത്ത നീളന്‍ കടലാസ്സില്‍, അനൂപിന്‍റെ, ഇരുണ്ടു വടിവാര്‍ന്ന കൈയ്യക്ഷരം ഞങ്ങളിലെ യുവ സാഹിത്യകാരന്‍മാരുടെ കൃതികള്‍ക്ക് രൂപം നല്കി: ഓപ്പം അവന്റെ വര്‍ണ ചിത്രങ്ങളും. മാഗസിന്‍റെ തുടക്കo ബാല്‍റാo മാഷുടെ ആമുഖ കുറിപ്പോടെ. അനൂപ് തുണിപിടിപ്പിച്ചു മനോഹരമാക്കിയ മാസിക ( ഒരിക്കലേ അതു പുറത്തു വന്നുള്ളൂ!), ബല്‍റാo മാഷ്ക്ക് കാണിച്ചപ്പോള്‍, ചിരിക്കാന്‍ പിശുക്കുള്ള മാഷുടെ പുഞ്ചിരിയില്‍ ഞങ്ങള്‍ എത്ര തന്നെ സന്തോഷിച്ചില്ല!

ഹൈസ്കൂളിലെ വെളിച്ചമിറങ്ങാത്ത ലൈബ്രറി മുറിയിലെവിടയോ അനൂപിന്‍റെ ആ ആദ്യ പ്രസിഡീകരണം ഇപ്പഴും ജീവിച്ചിരിപ്പുണ്ടാവാo…. പറയാന്‍ ബാക്കിവെച്ച കഥകളും,നോവലുകളും ആ മഴി പുരണ്ട താളുകളിലെവിടെയോ അനൂപിനെ തേടുന്നുണ്ടാവാം….

The Geography of Bliss: One Grump’s Search for the Happiest Places in the World

The Geography of Bliss Book Review: The Geography of Bliss: One Grump’s Search for the Happiest Places in the World by Eric Weiner

Happiness is “home” and a book that is illuminating and funny
Eric Weiner does an year long journey into places that are contradictory and different, in search of what makes people happy. He sometimes get into science of happiness studies and weaves his tongue in cheek observations and conclusions into actual travails that he had endured. He participates with the societies he finds himself into and focuses on “normal” people in those societies. If happiness is all about places, author does not give any definitive reasons to it, but the journey itself and the way it is narrated is so beautiful that you will enjoy reading this book until the end and will hope for more. If you are from some of the societies which he describes, like India where I am from, you will feel that some of his observations are perfunctory. But considering the complexities of any society and the time he had to spend with each of them being very little, it is something you can pass over without being offended.

Published in Amazon Review