കൂട്ടുപ്രതികള്‍: ഭാഗം ഒന്ന് : കൃത്യം
“ഓള്‍ റൈസ്….”, ഇളയന്തകരയിലെ പ്രത്യേക സെഷന്‍സു കോടതിയിലെ രണ്ടാം നിലയിലെ നൂറ്റി പതിനാറാം നംബര്‍ കോടതി മുറിയില്‍, നരച്ച വെള്ള കോട്ടും അതേ പോലെതന്നെ നരച്ച തൊപ്പിയും വച്ചുള്ള കോടതി ശിപായി, ജഡ്ജി വരുന്നതിനും മുന്‍പായി ഒച്ചകൂട്ടി വിളിച്ചു പറയുന്നതു കേട്ടാണ് രേവതി തന്‍റെ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. അവളുടെ സ്വപ്നത്തില്‍ നിറയെ തന്‍റെ പണിതീരാത്ത വീടും, പിന്നെ എങ്ങോ പോയി മറഞ്ഞ തന്‍റെ മാധവേട്ടനും ആയിരുന്നു.
എട്ടു കൊല്ലം മുമ്പ് തുടങ്ങിയതായിരുന്നു വീട് പണി. മാധവേട്ടന്‍റെ അച്ഛന്‍റെ കുടുംബ വകയില്‍ കിട്ടിയ പത്തു സെന്‍റ് വിറ്റുകിട്ടിയ പണം വീട്ടില്‍ വലിയ ഗര്‍വ്വോടെ കൊണ്ടുവന്നിട്ട് , “രേവൂ..നമ്മളും കെട്ടും രണ്ടു മുറി വീട്..” എന്നു മാധവേട്ടന്‍ പറഞ്ഞപ്പോള്‍, രേവതിക്കത്ര ഉല്‍സാഹം ഒന്നും തോന്നിയിരുന്നില്ല. ഒരു കുഞ്ഞിക്കാല്‍ കണ്ടിട്ടു മതി വീടൊക്കെ എന്നു മാധവേട്ടനോടു അവള്‍ പറയുകയും ചെയ്തു. എന്തിനും ഏതിനും ഒരു കാലം വരുമെന്ന വിശ്വാസക്കാരനായിരുന്നു മാധവേട്ടന്‍. “ഇപ്പോള്‍ നമ്മുക്ക് വീട് പണിക്കാലം ആണ്” എന്നു കളി പറഞ്ഞു അങ്ങനെ തുടങ്ങിയതാണ് വീട് പണി. ഇപ്പോള്‍ താമസ്സിക്കുന്ന വീടിന്‍റെ മുറ്റതിനപ്പുറം തന്നെ പുതിയ വീടും. പച്ച കളറുകളാല്‍ സുന്ദരമായി കോറിയിട്ട വീടിന്‍റെ പ്ലാന്‍ കാണിച്ചു, മാധവേട്ടന്‍ ഓരോ റൂമും, വീടിന്‍റെ മറ്റു ഭാഗങ്ങളും നുരഞ്ഞു പൊങ്ങുന്ന ആഹ്ലാദസ്വരത്തില്‍ വിവരിക്കുന്നതിനിടെ, തന്‍റെ കവിളില്‍ ഒന്നു പിച്ചി, പടിഞ്ഞാറു ഭാഗത്തുള്ള ആ മുറി ചതുരചിന്‍ഹം കാണിച്ചു “ഇതു നമ്മുടെ മുറി” എന്നു പറഞ്ഞപ്പോള്‍ ആണു, രേവതി ശരിക്കും ആ വീടിനു അവളുടെ സ്വപ്നത്തിന്‍റെ പങ്ക് കൊടുക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം എടുത്തു തറയും കിണറും ഒന്നു ശരിയാകാന്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധവേട്ടന്‍ പോയപ്പോള്‍ ആ വീട് പണിയെല്ലാം നിന്നു. പിന്നെ എങ്ങനെയോ മാധവേട്ടന്‍റെ അമ്മയും, പ്രഭേട്ടനും കൂടി, ആറേഴു കൊല്ലം കൊണ്ട് കട്ടിള വച്ച്, ചില ജനലുകളും ചേര്‍ത്ത്, പാതി ചുമര്‍ വരെ പണി എത്തിച്ചു.
പണി നിന്നുപോയ പാതി ചുമര്‍ ഉയര്‍ത്തിയ വീടിന്‍റെ പടിഞ്ഞാറുള്ള “നമ്മുടെ മുറി”യുടെ തെക്കേ കോണില്‍ ഉയിര്‍ത്ത് വന്ന മണ്‍പുറ്റിനുള്ളിലാണ് ഒന്നര കൊല്ലം മുന്‍പ്, രേവതി വീണ്ടും മാധവേട്ടനെ കണ്ടത്. തെക്കേ കോണിലെ മണ്‍പുറ്റിനെ വളഞ്ഞു പിടിച്ച ഒന്നൊന്നര മീറ്റര്‍ നീളമുള്ള നല്ല കറുത്ത ചെതുബുകളില്‍ പുതഞ്ഞ ഉരുണ്ട ശരീരത്തില്‍, ഒന്നൊന്നിടവിട്ട് സമദൂരത്തില്‍ ഇളം മഞ്ഞയും കറുപ്പുമുള്ള ചിതബില്‍ വളകള്‍ അണിഞ്ഞ്, സാവധാനം നീങ്ങുന്ന അതിനെ കണ്ടപ്പോള്‍ മാധവേട്ടന്‍റെ അമ്മ ശരിക്കും ഒന്നു നിലവിളിച്ചു. ആള്‍ പെരുമാറ്റം കേട്ടു പത്തി വിടര്‍ത്തി നിന്ന തലയിലെ ആ സംവിര്‍ത്തമായ കണ്ണുകളില്‍ രേവതി കണ്ടത് തനിക്ക് എന്നോ നഷ്ടമായിപോയ സ്നേഹദര്‍ശനമാണ്. പത്തി ഒന്നു ചെരിച്ചപ്പോള്‍ ചെറു ചെതുംബലുകള്‍ കൂട്ടമായി ഒരു പ്രത്യേക രീതിയില്‍ വെച്ചത് കണ്ടപ്പോള്‍ മാധവേട്ടന്‍റെ കറുത്ത ഫ്രയിം കണ്ണട വച്ച മുഖമാണ് രേവതി ഓര്‍ത്തത്. പത്തിക്കു മുന്‍പിലുള്ള രണ്ടു കറുത്ത നീണ്ട പൊട്ടുകള്‍, മാധവേട്ടന്‍റെ കവിളിലെ കറുത്ത മറുകുകള്‍ തന്നെയല്ലേ എന്നു രേവതിക്ക് തോന്നി. എല്ലാവരും അതിനെ “പാമ്പു” എന്നു വിളിച്ചപ്പോള്‍ രേവതി മാത്രം രഹസ്യമായി അവര്‍ മാത്രമുള്ള അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ അതിനെ മാധവേട്ടന്‍ എന്നു വിളിച്ചു. അല്ലെങ്കിലും മാധവേട്ടന്‍ വീണ്ടും വരുമെന്നു രേവതിക്ക് അറിയാമായിരുന്നു. എത്രകാലം തന്‍റെ മാധവേട്ടന് എന്നെ പിരിഞ്ഞു മരിച്ചിരിക്കാനാവും!
ഇന്ന് കോടതിയിലേക്ക് വിധി കേള്‍ക്കാന്‍ വരുന്നതിന് മുന്‍പെ, പണിതീരാത്ത വീടിന്‍റെ പടിഞ്ഞാറ്റയുടെ മൂലയില്‍ പാര്‍ക്കുന്ന മാധവേട്ടനെ കാണാന്‍ രേവതി പോയിരുന്നു. “നമ്മുക്ക് നീതി കിട്ടുമോ.. മാധവേട്ടനെ എന്‍റെ മുന്നിലിട്ട് കൊന്നവരെ കോടതി ശിക്ഷിക്കുമോ..” എന്നു ചോദിച്ചപ്പോള്‍ മാധവേട്ടന്‍റെ കണ്ണുകളില്‍ രേവതി കണ്ടത് നല്ല ആത്മവിശ്വാസം മാത്രമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ മാധവേട്ടനെ പഴയ വീട്ടിലെ “നമ്മുടെ മുറിയില്‍” തന്‍റെ കണ്‍മുന്നില്‍ വച്ച് അരിഞ്ഞു തള്ളിയവരെ നമ്മുടെ കോടതി പതിനാല് കൊല്ലങ്ങള്‍ കാരാഗൃഹത്തിനുള്ളില്‍ അടച്ച് ശിക്ഷിക്കും, നിശ്ചയം.
കോടതി മുറിയില്‍ പത്തുപതിനാറു പേരെ ഉള്ളൂ. മുറിക്കുള്ളിലെ മരവേലിക്കപ്പുറത്ത് ഒരു ഭാഗത്ത് സര്‍ക്കാര്‍ വക്കീല്‍ സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ പുതിയ രണ്ടു ജൂനിയര്‍ വക്കീലുമാരോട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്. അടുത്തു തന്നെ ക്രൈം ബ്രാഞ്ച് എസ്പി ഹക്കിം ഇബ്രാഹിം ഇരിക്കുന്നുണ്ടു. കഴിഞ്ഞ ഒരുപാട് കൊല്ലങ്ങളില്‍ പലപ്രാവശ്യം ഇവരെയൊക്കെ രേവതി കണ്ടിരിക്കുന്നു. ദൃക്ക്സാക്ഷി താനായതിനാല്‍ പല പ്രാവശ്യം ഇവരുടെ ചോദ്യങ്ങള്‍ക്ക് രേവതി ഉത്തരം പറഞ്ഞിരിക്കുന്നു. കോടതിമുറിയുടെ മറ്റെ ഭാഗത്ത്, കറുത്ത കോട്ടിന്‍റെ അറ്റം കൊണ്ട് സ്വര്‍ണ ഫ്രൈമുള്ള കണ്ണട തുടച്ചു, ഏതോ ഫയലില്‍ കണ്ണും നട്ട് പ്രതിഭാഗം വക്കീല്‍ സതീഷ്ചന്ദ്ര ബഹുമാനപെട്ട ജഡ്ജിയെയും കാത്തിരിക്കുന്നു. മരവേലിക്കിപ്പറുത്തു രണ്ടു കോളത്തില്‍ ഇട്ട ഞരങ്ങുന്ന ബെഞ്ചുകളുടെ ഒരു ഭാഗത്ത് മാധവേട്ടന്‍റെ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ ഇരിക്കുന്നു. അപ്പുറത്തെ ഭാഗത്ത് മാധവേട്ടനെ കൊന്നവരുടെ പാര്‍ട്ടിയിലെ നാലഞ്ച്പേര്‍ ഇരിക്കുന്നുണ്ട്.
പ്രതികള്‍ ഓരോരുത്തരായി പ്രതികൂട്ടിനടുത്ത് വന്നു നില്‍ക്കാന്‍ തുടങ്ങി. അതില്‍ ഒന്നാം പ്രതി ഗോപാലനെ മാത്രമേ രേവതിക്ക് അറിയൂ. ”മത്തികര പറമ്പില്‍ രാഘവന്‍ മകന്‍ പെയിന്‍റ് പണിക്കാരന്‍ ഗോപാലന്‍”. മറ്റ് എട്ടു പ്രതികളെയും കോടതിയില്‍ വച്ചാണ് രേവതി ആദ്യമായി കണ്ടത്. ഗോപാലനും കൂട്ടരും നല്ല വെള്ള ഷര്‍ട്ടും തടിച്ച നീലക്കരയുള്ള വെള്ള ഡബിള്‍ മുണ്ടുമാണിട്ടിരികുന്നത്. മുഖം വൃത്തിയായി ഷെയിവ് ചെയ്തിരിക്കുന്നു. നല്ല എണ്ണയില്‍ കുളിച്ചു മിനുസ്സപ്പെടുത്തിയ മുടി വൃത്തിയായി കോതി വച്ചിട്ടുണ്ട്. കൈ രണ്ടും മുമ്പില്‍ പരസ്പരം കോര്‍ത്ത് മടക്കി വച്ച് ജഡ്ജിയുടെ ഉയത്തിവച്ച അരമനയില്‍ത്തന്നെ നോക്കി നില്‍പ്പാണവര്‍.
ജഡ്ജി വരുമ്പോള്‍ ഒന്നെഴുനേറ്റു നില്‍കാന്‍ വേണ്ടി രേവതി `തന്‍റെ മേലും ചാരിയിരുന്നിരുന്ന അമ്മുവിനെ ഒന്നു സ്വല്പം അകലത്തേക്ക് തള്ളി നീക്കി. അമ്മുവിനത് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഈര്‍ഷ്യ മുഖത്ത് നന്നായി കാണാം. പക്ഷേ അപ്പുവിന്‍റെ വയറമര്‍ത്തി രസിച്ചു നില്‍ക്കുന്ന അവള്‍ ഒച്ചപാടൊന്നും ഉണ്ടാക്കിയില്ല. ആറു വയസ്സായി അമ്മുവിന്. പണ്ട് പണ്ടേ എപ്പഴും അവളുടെ കൈയില്‍ അപ്പു ഉണ്ടാവും. തുണിയില്‍ തുന്നി പിടിപ്പിച്ച ഒരാന കുട്ടിയാണ് അപ്പു. അവന് ഒരു നീണ്ട തുംബികൈയുണ്ട്. മാധവേട്ടന്‍ അത് മേടിച്ച കാലത്ത് അതിന്‍റെ തുംബികൈക്കുള്ളില്‍ ഒരു പീപ്പി ഉണ്ടായിരുന്നു. അപ്പുവിന്‍റെ കുമ്പ ഒന്നു ഞെക്കുമ്പോള്‍ തുബികൈ വഴി ഒഴുകുന്ന കാറ്റ് ആ പീപ്പിയെ ഊതി ഉണര്‍ത്തും. അപ്പു ഛിന്നം വിളിക്കും. അപ്പുവിന്‍റെ കുരളിലെ ആ പീപ്പി ഇല്ലാതായിട്ടും വര്‍ഷം ഏഴായി. എങ്ങനെയാണ് അപ്പുവിന്‍റെ ഛിന്നം വിളിനിലച്ചെതെന്ന് രേവതി ആരോടും – അമ്മുവിനോടുപോലും – പറഞ്ഞിട്ടില്ല.
ഏഴു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം ഒരു ബുധനാഴ്ച്ച ഉച്ച കഴിഞ്ഞപ്പോള്‍ത്തന്നെ മാധവേട്ടന്‍ പണി നിറുത്തി തിരിച്ചു വന്നു. കല്ല് ചെത്തായിരുന്നു മാധവേട്ടന്‍റെ പണി. മെഴുക്കോലും, കല്‍വെട്ടിയും വീടിന്‍റെ മുന്‍വശം വെച്ച് കിണറ്റിന്‍ കരയില്‍നിന്നും കുളിച്ചു കയറി വേഗം വേഷം മാറി വന്നപ്പോഴേക്കും രേവതി കപ്പയും മീനും ബെഞ്ചിന്‍റെ മേല്‍ എടുത്തു വച്ചിരുന്നു. പണ്ടൊക്കെ മാധവേട്ടന്‍ പണി കഴിഞ്ഞു നേരത്തെ വന്നാല്‍ രേവതിക്കു വലിയ ഉല്‍സാഹമായിരുന്നു. എന്നാല്‍ ഇപ്പോഴൊക്കെ നേരത്തെ വന്നാല്‍ മാധവേട്ടന്‍ കുളിച്ചു ഭക്ഷണം കഴിച്ചു വേഗം നാട്ടിലേക്കിറങ്ങും. പാര്‍ട്ടി കാര്യത്തിന്നു. രേവതിക്ക് അതിഷ്ടമേയല്ല. ഇറങ്ങിയാല്‍ പിന്നെ നേരം പതിരാവായാലേ മാധവേട്ടന്‍ തിരിച്ചു വരൂ. ചിലപ്പോള്‍ പിറ്റെന്നു നേരം വെളുത്തും. പക്ഷേ അന്നു വന്നപ്പോള്‍ ഭക്ഷണത്തിനിരിക്കാതെ അമ്മയുടെ കണ്ണു വെട്ടിച്ചു, മെല്ലെ പിടിച്ച് വലിച്ചു പടിഞ്ഞിറ്റയില്‍ കൊണ്ടുപോയപ്പോള്‍ തന്നെ തോന്നി എന്തോ കളത്തരം ഉണ്ടെന്ന്. കട്ടിലില്‍ ഇരുത്തി, രേവതിയുടെ ഏഴു മാസം വളര്‍ന്ന വയര്‍ മെല്ലെ തലോടി “പണിക്കു പോവനൊന്നും മനസ്സ് വരുന്നില്ല, എന്‍റെ ഈ കുഞ്ഞി വാവയെ ഓര്‍ത്തപ്പോള്‍” എന്നു പറഞ്ഞു, മാധവേട്ടന്‍ അവളുടെ വയറ്റിനരികില്‍ ചെവി ചേര്‍ത്ത് പിടിച്ച് കിടന്നു. കട്ടിലിനരികില്‍ ഒളിപ്പിച്ചു വച്ച അപ്പു ആനയെ അപ്പോഴാണു രേവതി കണ്ടത്. “ഇത് കണ്ടോ.. എന്‍റെ വാവകുഞ്ഞിന് ഞാന്‍ വാങ്ങിയതാ” എന്നു പറഞ്ഞു, രേവതിയുടെ നിറവയറില്‍ ഉമ്മ വച്ച്, മാധവേട്ടന്‍ അപ്പുവിന്‍റെ കുമ്പയില്‍ ഒന്നമര്‍ത്തി. “ക്രീ” എന്നൊച്ചത്തില്‍ അപ്പു ഒന്നു ഛിന്നം വിളിച്ചപ്പോള്‍, കളിയായി രേവതി ഒന്നു പേടിച്ചു കാണിച്ചു. മാധവേട്ടന്‍റെ മടിയില്‍ തല വച്ച് കിടന്ന്‍, കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നപ്പോള്‍, വയറ്റിലെ വാവ ഒന്നിളകി കിടന്നു. ഒരു പുഞ്ചിരിയില്‍, മാധവേട്ടന്‍റെ വലം കൈ തന്‍റെ നിറഞ്ഞ വയറില്‍ വച്ച്: ”കണ്ടാ കുഞ്ഞിവാവ അച്ചന്‍റെ കുരുതകേടെല്ലാം അറീന്നുണ്ട്“ എന്നു പറഞ്ഞു തീരുമ്പോഴാണ് , മുറ്റത്തു എന്തോ വലിയ ബോംബ് പൊട്ടുന്ന പോലത്തെ ഒച്ച രേവതി കേട്ടത്.
പുകയും പൊടിപടലങ്ങളും അകത്തേക്ക് ഇരച്ചു കയറി. വീടിന് പുറത്തു ആരൊക്കെയോ അലറി നിലവിളിക്കുന്ന ഒച്ച കേള്‍ക്കുണ്ട്. ബോംബിന്‍റെ ഒച്ചയില്‍ രേവതിയുടെ ചെകിടൊരുനിമഷം അടഞ്ഞുപോകവേ, വാതില്‍ തള്ളി തുറന്ന്‍ അയാള്‍ അകത്തേക്ക് ഇരച്ചു കയറി. അയാള്‍ക്കൊപ്പം മറ്റ് മൂന്നുപേരും. അയാളുടെ തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. മുറുക്കാന്‍ തിന്നു കടും ചുവപ്പാര്‍ന്ന അയാളുടെ ചുണ്ടുകള്‍ വക്രിച്ച് ത്രസിക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണില്‍ രേവതി കണ്ടത് മകരത്തിലെ കടും മഞ്ഞു മാത്രം. അയാളുടെ കൈയ്യിലുള്ള നീളമുള്ള വടിവാളിന്‍റെ അറ്റം കൂര്‍ത്ത് കറുത്തിരിണ്ടിക്കുന്നു. പടിഞ്ഞാറ്റയിലെ ജനാലിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ ചെത്തി മിനുപ്പിച്ച വാള്‍ത്തലയില്‍ തട്ടി തകര്‍ന്നു വീഴുന്നുണ്ട്. വാളിന്‍റെ മരപിടി ഒരുവശത്തു പൊട്ടിയിരിക്കുന്നു. മൂന്നുപേരില്‍ ഒരാളുടെ കൈവശം പുതുപുത്തന്‍ ക്രിക്കറ്റ് ബാറ്റും, മറ്റൊരാളുടെ വശം തുരിംബിച്ച നീണ്ട ഇരുമ്പു വടിയും ഉണ്ട്. അയാള്‍ അലറി : “നായിന്‍റെ മോനേ കേട്ട്യോളുടെ സാരീന്‍റെ ഉള്ളില്‍ ഒളിച്ചിരിക്യാ അല്ലേ…”. കട്ടിലില്‍ നിന്നു ചാടി എണീറ്റ്, മാധവേട്ടനെ തന്‍റെ മെലിഞ്ഞ ശരീരം കൊണ്ട് മറച്ചു രേവതി അലറി കരഞ്ഞു. പുറത്തു വീണ്ടും പൊട്ടിയ ബോംബിന്‍റെ ഒച്ചയില്‍ ഒന്നു തരിച്ചു നിന്നു, സകല ശക്തിയും സംഭരിച്ചു അവള്‍ അയാളുടെ നേരെ ചീറി അടുത്തു. അയാള്‍ അവളെ ഒറ്റകൈയാല്‍ വകഞ്ഞു പിടിച്ച്, വാള്‍ത്തല കൊണ്ട് മാധവേട്ടന്‍റെ ഏന്തിപ്പിടിക്കാന്‍ നോക്കവേ, അപ്രതീക്ഷിതമായി നേരിട്ട എതിര്‍പ്പില്‍ ഒരിട അന്താളിച്ചുപോയ മറ്റ് മൂന്നുപേര്‍ മാധവേട്ടന്‍റെ അടുത്തേക്ക് ഉന്നം വച്ച് നീങ്ങി.
“ഗോപാലാ അവളെ ഒന്നും ചെയല്ലേ”, മാധവേട്ടന്‍റെ ഒച്ചയില്‍ ഇത്രക്ക് ദൈന്യത ഒരിക്കലും രേവതി കേട്ടിരുന്നില്ല. “പേരു വിളിച്ചു പറയുന്നോടാ പട്ടീ…”, എന്നു അലറി “വെട്ടെടാ എക്സെ ഓന്‍റെ കഴുത്ത്” എന്നു ഗോപാലന്‍ ആഞാപ്പിച്ചു. ഇരുമ്പു വടി തലയില്‍ ആഞ്ഞു പതികവേ “ഗോപാലാ , നീ മത്തിപറമ്പിലെ ഗോപാലനല്ലേ, നിന്നെ എത്ര പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നൂ… നമ്മളെ രാഷ്ട്രീയം എന്തായാലും അവളെ വെറുതെ വിട് നീ..” എന്നു കേണു കരയുന്ന മാധവേട്ടന്‍റെ ഒച്ചയില്‍ എവിടെയോ അഭയം കണ്ടു രേവതി വീണ്ടും കരള്‍ കീറി അലറി കരഞ്ഞു. ഗോപാലന്‍, വാള്‍ പിടിച്ച ഇടം കൈയ്യാല്‍ തന്‍റെ തലയിലെ തോര്‍ത്തഴിച്ചു രേവതിയുടെ വായിലേക്ക് തിരുക്കി കയറ്റി, അവളെ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു. തന്‍റെ വാള്‍ വലം കൈയിലേക്ക് മാറ്റി , “ഒരുത്തന്നെ നന്നായി വെട്ടാനും അറിയിലേടാ പയലുകെളെ” എന്നു പറഞ്ഞു, കട്ടിലിന്‍റെ ഒരറ്റത്തേക്ക് വീണു കിടക്കുന്ന മാധവേട്ടന്‍റെ അടുത്തേക്കയാള്‍ പാഞ്ഞു. ഗോപാലന്‍റെ കാലുകള്‍ മാധവേട്ടന്‍റെ അടുത്തേക്ക് മദഗജ വേഗം നേടവേ, അയാളുടെ നെടും കാല്‍ ചെന്നു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ നെഞ്ചിലായിരുന്നു. ഉച്ചത്തില്‍ ഛിന്നം വിളിച്ച അപ്പുവിനെ നോക്കി “ഇതേതു ശവം..”, എന്ന്‍ അവഞയോടെ അലറി, തന്‍റെ കാലുകൊണ്ടു വീണ്ടും വീണ്ടും അതിനെ ചവിട്ടിയരച്ച്, പുറം കാലുകൊണ്ടു അതിനെ രേവതി വീണിടത്തേക്ക് ചവിട്ടി എറിഞ്ഞു, വാള്‍ വീശി ഗോപാലന്‍ മാധവേട്ടന്‍റെ നെഞ്ചില്‍ അമര്‍ത്തി ചവിട്ടി.
ഊരിയ വാളിന്‍റെ ശീല്‍കാരം “നമ്മുടെ മുറിയെ” നടുക്കി തരിക്കവേ, ലക്ഷ്യ ഭേദിയായ വാളിന്‍റെ ഘനം മാധവേട്ടന്‍റെ ഹൃദയം തകര്‍ക്കവേ, എട്ടു കൈകള്‍ മാധവേട്ടന്‍റെ ദേഹത്ത് സംഹാര താണ്ഡവമാടവേ, മാധവേട്ടന്‍റെ ഒരു വലിയ നിലവിളിയില്‍ രേവതിയുടെ കാതുകള്‍ കത്തിയമര്‍ന്നു. ചീറി തെറിക്കുന്ന ചുടുചോരയുടെ കത്തിപടരുന്ന ഗന്ധം അവളുടെ മ്പോധത്തില്‍ ഒരു ചുഴലിക്കാറ്റായി ഉതിര്‍കൊണ്ടപ്പോള്‍ ചതഞ്ഞു കുരല്‍ തകര്‍ന്ന അപ്പുവിനെ നെഞ്ചിലമര്‍ത്തിയ രേവതിയില്‍, ഇടയാന്തൂര്‍ ഗ്രാമത്തിലെ കണ്ണെത്താത്ത വാഴ തോട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാഴകൂബിലെ തേന്‍ കട്ടുകുടിക്കുന്ന ഏതോ ബാല്യകാല ചിത്രം എങ്ങനെയോ നിറഞ്ഞു. പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.