ഒരു പെൻസിലിൻ്റെ കഥ

ഇളം പച്ചച്ഛായംപൂശി  മിനുക്കിയെടുത്ത ഇരുബു പെട്ടിയിൽ,
പുതു കടലാസ്സിൻ്റെ  മധുര അമ്മ്ല മണമുള്ള ദിനപത്ര താളിന്മേൽ,
കഞ്ഞിവെള്ളത്തിൽ മുക്കി വടിവാക്കിയെടുത്തു,
കരിങ്കനൽക്കല്ലിൻ്റെ പെട്ടിയാൽ തേച്ചെടുത്ത്,
രൂപയോഗത്തോടെ അടുക്കിവെച്ച സാരികളുടെ ഇടയിൽ സൂക്ഷിച്ച,
കണ്ണക്കു  പുസ്തകത്തിൻ്റെ കർപ്പൂരമണമുള്ള ഒറ്റവരി പേജുകളിൽ

അമ്മ

ദിവസ്സ ജീവിതത്തിൻ്റെ വരവുചിലവുകൾ കുറിച്ചിട്ടത്
ഒരു നടരാജ പെൻസിലു കൊണ്ടായിരുന്നു.

നീണ്ടു മെലിഞ്ഞു, ആറുമുഖങ്ങളും കറുപ്പായും വെളുപ്പായും സ്വരൂപം തിരയുന്ന
കള്ള സ്വർണ്ണ ലിപികളിൽ സ്വന്തം പേരെഴുത്തുന്ന 
എഴുത്താണി വശം പാതി ഒടിഞ്ഞ
ഒരു നടരാജ പെൻസിലു കൊണ്ടായിരുന്നു
അമ്മ, ദിവസ്സ ജീവിതത്തിൻ്റെ വരവുചിലവുകൾ കുറിച്ചിട്ടത്

അമ്മ മൂളിയ തോറ്റം പാട്ടുകളിൽ കയറി യുദ്ധം ചെയ്യുന്ന ഉറക്ക രാത്രികളിൽ
പേടിച്ചു പുറം തിരിഞ്ഞോടിയ പരുത്തി പുതപ്പിനെ 
എൻ്റെ കഴുത്തോളം വലിച്ചു കയറ്റി, എൻ്റെ മുടിയിൽ തഴുകി 
അതിരാവിലെ എഴുന്നേറ്റു പണിയെടുക്കാൻ പൊകുന്ന അമ്മ

മുറ്റം അടിച്ച്, ചാണകം തെളിയിച്ച്, 
അടുക്കളയുടെ വായുവിൽ അപ്പം നിറച്ച്, 
എന്നെ വന്നു കുലുക്കിയുണർത്തി, 
ഉമിക്കരിയിൽ സ്വല്പം ഇഞ്ചി കലർത്തി, നീളൻ വിരലുകളാൽ എൻ്റെ പല്ലിൽനൊപ്പം
ഉശിരോടെ ശിരസമദോലനം ചെയ്യുന്ന അമ്മ!

അപശ്രുതിയിൽ കരയുന്ന കപ്പിയിൽ കയറിട്ടു ആഞ്ഞുവലിച്ച് 
പാതളക്കിണറിൻ്റെ അമുദം എൻ്റെ ശിരസ്സിലൊഴിച്ച്
തലതോർത്തി അതിൽ രാസ്നാദി പൊടി അമർത്തി അമർത്തി തിരുബുന്ന അമ്മ

വൈകുന്നേരം കളിച്ചു ചളിപിടിച്ച കാൽ വെള്ളം നനച്ചെന്നു വരുത്തി ഉള്ളിലേക്കോടുബോൾ, 
പിടിച്ചു നിർത്തി, വെള്ളമൊഴിച്ചു, കണം കാൽ തിരുമ്മി കഴുകി
ചീപോതിയെ തടുത്തു നിർത്തുന്ന അമ്മ

ചൂടുള്ള പാലിൽ അല്പം അതിൽ മഞ്ഞൾ നനച്ച് തന്നു, 
പിന്നെ ഗുരുവായൂരപ്പനു വിളക്കു വെച്ച്, 
ഉമ്മറ കോലായിൽ തിരി വിളക്കു വെച്ച്, 
“ഞാനപ്പാന” പകുതിയോളമെങ്കിലും നനുത്തു പാടി 
(“ഉണ്ണികൃഷ്നൻ മനസിൽ കളിക്കുബോൾ…” എന്ന ഭാഗം വരുംബോൾ കുറുംബരിശ്ശത്തോടെ തലയുയർത്തി നോക്കുന്ന എന്നെ  ഇളം ചിരിയിൽ തഴുകി),
വിളക്കിൻ തിരി തൊട്ടു തലയിൽ വെച്ച്

കർപൂരമണമുള്ള ഒറ്റവരി പേജുകളിൽ
ആ ദിവസ്സത്തെ വരവു ചിലവുകൾ എഴുതാൻ തുനിഞ്ഞപ്പോൾ ആണു 
അമ്മയ്ക്ക് തൻ്റെ പെൻസിൽ കണാതെ പോയത് ഓർമ്മ വന്നതു.

വരവുചിലവുകളുടെ പാവകൂട്ടത്തിൽ ഇഴപിരിഞ്ഞു നിൽക്കുന്ന നൂൽകൂട്ടത്തിനടയിൽ
സംഭ്രമിച്ചു നിന്ന വിരലുകൾ,
വിറളിവെളുത്ത പേജിൽ അമർത്തി വച്ച് അമ്മ ചോദിച്ചു:

“നിൻ്റെ ആ പെൻസിലൊന്ന് കടം തരാമോ”

കൊബൻ മീശക്കാരൻ ബാലൻ മാഷു തന്ന രണ്ടക്ക ഗുണനത്തിൻ്റെ 
വഴി വിട്ടുപോയ കൊടുക്കൽ വാങ്ങലുകളിൽ നിന്നും തലയുയർത്തി,
അശ്വമേത്ഥം കഴിഞ്ഞു വന്ന വിജുഗീഷുവായ രാജാവിനെ പോലെ,
എൻ്റെ ജ്യാമതി പെട്ടി മെല്ലെ തുറന്നു, ആ നടരാജ പെൻസിൽ തിരഞ്ഞു എടുത്തു,
സാമൂതിരിയുടെ ദാന ലാഘവത്തോടെ ഞാനത് അമ്മക്കു കൊടുത്തു

അതു വാങ്ങി, ചിത്രപഠന ക്ലാസ്സിൻ്റെ മനഃപീഡയിൽ ഞാൻ ചവച്ചു പൊട്ടിച പെൻസിലിൻ്റെ പിൻഭാഗം ഒന്നു തൊട്ടറിഞ്ഞു, 
ചിതറി വിരിച്ച പഠനപുസ്തകത്തിന്മേൽ കശ്ശക്കി എറിഞ്ഞ 
കടലാസ്സുകേക്കിൻ്റെ മിനുത്ത മെഴുകു കടലാസ്സിനെ ഒന്നു നോക്കി, 

അമ്മ എഴുതി: “ദാമുവിൻ്റെ ബേക്കറി പറ്റ്”. 
പിന്നെ “ബാലേട്ടൻ്റെ പലചരക്കു കട”, “അയിസ്സുവിൻ്റെ ആട്ടിൻ പാൽ”, ….. 

അവസാനം “ഇന്നത്തെ ചിലവ്” നെ തെല്ലാശ്ചര്യനിശ്വാസത്താൽ ഒതുക്കി, 
“ബാക്കി” ഉടെ ഓരത്തു നിന്ന കുരുത്തം കെട്ട സംഖ്യക്കുട്ടികളെ ഒന്നമർത്തി മൂളി
മൂലക്കു നിലക്കു നിർത്തി, 
നോട്ടുബൂക്കിൻ്റെ ഇടുപ്പിൽ ശ്രദ്ഡാപൂർവം ആ നടരാജ പെൻസിലിനെ ഭദ്രം വെച്ച്, 
നോട്ടുബുക്ക്,  പെട്ടിയിൽ തിരികെ വെച്ച് —

ആ പെൻസിൽ എനിക്കു തരാതെ

ആ പെൻസിൽ എനിക്കു തിരികെ തരാതെ —
(ഞാൻ കൊടുത്തു തീർക്കേണ്ട എല്ലാ കടങ്ങളും തീർത്ത മാതിരി)

ആ പെൻസിൽ എനിക്കു ഒരിക്കലും തിരികെ തരാതെ —
അമ്മ അടുക്കളയിലേക്കു തിരികെ പോയി

കുത്തികുറിപ്പിൻ്റെ ഇയ്യൊരു യാത്രാവിഗതിയിൽ, 
ഇപ്പോൾ തട്ടിതടഞ്ഞു നിൽക്കുന്ന നിങ്ങളുടെ മുഖത്ത് 
അല്പം രസമില്ലാത്ത ഒരു തരം ചിരി പടരുന്നില്ലേ എന്നു എനിക്കു തേന്നുന്നുണ്ട്.

“മാതാവിൽ ഋണം തീർത്ത മാനുഷനൊരുത്തനും 
ഈ  വെറും ധരിത്രിയിൽ ഇല്ലായെന്നത്  ന്യൂനം” എന്ന വരട്ടു ലോകതത്ത്വം 
കുറ്റപെടുത്തൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നിങ്ങളുടെ കണ്ണിൽ നിന്നും
ഈ പേജിലേക്കു ഊറി വീഴുന്നതും ഞാൻ കാണുന്നുണ്ടു.

പക്ഷെ….  എനിക്കിതേ നിങ്ങളോട് ഇപ്പോൾ പറയാനുള്ളൂ….

പച്ച ചായം പൊളിഞ്ഞു, നിറം മങ്ങി തിരുബിച്ച ആ പെട്ടിയിൽ, 
ശ്വാസവായു ഗതി തടസ്സം വന്നമ്മറുന്ന ഇരുബിൻ്റെ  കൂർത്ത മണത്തിനുളിൽ
വരണ്ടു പൊളിഞ്ഞു നുറുങ്ങിയ ദിനപത്രത്താളിന്മേൽ,
കഞ്ഞിവെള്ളത്തിൽ മുക്കി വടിവാക്കിയെടുത്തു,
കരിങ്കനൽക്കല്ലിൻ്റെ പെട്ടിയാൽ തേച്ചെടുത്ത്,
രൂപയോഗത്തോടെ അടുക്കിവെച്ച സാരികളുടെ ഇടയിൽ സൂക്ഷിച്ച കണക്കുപുസ്തകത്തിൽ
കാലത്തിൻ്റെ ശിശിരവസന്തങളിൽ ദ്രവിച്ചു നശിച്ച് മറയാൻ തുനിയുന്ന
മഞ്ഞിച്ചു നാറുന്ന പേജുകൾക്കിടയിൽ

ആ നടരാജ പെൻസിൽ  ഇപ്പോഴും ഉണ്ട്.
ചവച്ചരഞ്ഞു പൊട്ടിയ പിൻഭാഗത്തിൽ, കറുത്തുറഞ്ഞു കല്ലിച്ച ഈയ്യഎല്ലു പുറത്തുകാട്ടി 
എൻ്റെ ആ നടരാജ പെൻസിൽ  ഇപ്പോഴും അവിടെണ്ടു.



Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.